Kerala
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള പിഎം കുസൂം പദ്ധതിയില്‍ വന്‍ വെട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനര്‍ട്ട് നടത്തിയതില്‍ 100 കോടിയുടെ അഴിമതിയുണ്ടെന്നും വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
172 കോടി രൂപ നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയില്‍ അടിമുടി ദുരൂഹതയും അഴിമതിയുമുണ്ടെന്നാണ് ആരോപണം. അനര്‍ട്ട് സിഇഒയും മന്ത്രിയും ചേര്‍ന്ന് അഴിമതി നടത്തി. അഞ്ച് കോടിക്ക് മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള സിഇഒ 240 കോടിക്ക് ടെന്‍ഡര്‍ വിളിച്ചത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.
വൈദ്യുതമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ക്രമക്കേട് നടന്നത്. അനര്‍ട്ട് സിഇഒയുടെ നിയമനത്തിലും കള്ളക്കളിയുണ്ട്. സംഭവത്തില്‍ നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വീണാ ജോർജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും ചെന്നിത്തല വിമർശിച്ചു.
വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഇടിഞ്ഞുവീഴുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിമർശിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം രണ്ട് മന്ത്രിമാരാണ് അവിടെ വന്ന് പ്രസംഗിച്ചതെന്ന് സതീശന് വിമര്‍ശിച്ചു.
അത് അടച്ചിട്ട കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതിന് കാരണം. പിന്നീട് ചാണ്ടി ഉമ്മന്‍ എംഎല്‍എ വന്ന് ബഹളം വച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: കേരള തീരങ്ങളില്‍ ഒരു കാരണവശാലും യാതൊരുവിധത്തിലുള്ള ഖനനവും നടത്താന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. അഖില കേരള ധീവര സഭ 19 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം പണ്ഡിറ്റ് കറുപ്പന് ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ, യുവജന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ ഖനനവും കരിമണല്‍ ഖനനവും മത്സ്യത്തൊഴിലാളിയെ പ്രതിസന്ധിയിലാക്കുന്നതാണ്. ബ്ലൂ ഇക്കോണമിയെന്നു പറഞ്ഞ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി വിദേശ ട്രോളറുകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കടലിലെ മത്സ്യസമ്പത്ത് ഖനനം ചെയ്യാനുളള വ്യവസ്ഥ ഇല്ലാതാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കപ്പല്‍ തകര്‍ന്നാലും തിമിംഗലം ചത്താലും പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളാണ്. കടലാക്രമണവും തീരശോഷണവും മൂലം കാലങ്ങളായി മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ്. കടലില്‍ മത്സ്യലഭ്യത കുറയുന്നു. കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനങ്ങളില്ല.
മത്സ്യത്തൊഴിലാളികള്‍ക്കായി രൂപീകരിച്ച കടാശ്വാസ കമ്മീഷന് നോക്കുകുത്തിയായി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ധീവര സഭയുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും പ്രശ്ന പരിഹാരത്തിന് എല്ലാ വിധ സഹായവും ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍ മന്ത്രി എസ്. ശര്‍മ മുഖ്യപ്രഭാഷണം നടത്തി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ വി. ദിനകരന് അധ്യക്ഷനായി. പ്രബല മുന്നോക്ക, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ഭരണാധികാരവും രാഷ്ട്രീയാധികാരവും നല്കുന്നതുപോലെ കേരളത്തിലെ പ്രബലസമുദായമായ ധീവര സമുദായത്തിനും നല്‍കുക, അവഗണന അവസാനിപ്പിക്കുക, ധീവര സമുദായത്തെ പട്ടികജാതിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തുടങ്ങി 30 ലധികം ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തും കലാമേഖലയിലും മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
Kerala
തിരുവനന്തപുരം: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്ന് സതീശൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വിജയം വ്യക്തികേന്ദ്രീകൃതമല്ല. അതിന് പിന്നില്‍ ടീം യുഡിഎഫ് ആണെന്നും സതീശന് പ്രതികരിച്ചു.
താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. അന്ന് തന്നെയാരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Kerala
നിലമ്പൂർ: ഭരണനേട്ടമില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംഎൽഎയുമായ രമേശ് ചെന്നിത്തല. നിലമ്പൂർ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒന്‍പത് വർഷത്തെ ഭരണനേട്ടങ്ങളൊന്നും പറയാൻ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പച്ചയായ വർഗീയത പറയുകയാണ്. ഇത് ആപത്കരമാണ്. നിമ്പൂരിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ യോഗങ്ങളിൽ കണ്ട വലിയ ജനക്കൂട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഇതിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാനോ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സംസ്ഥാനത്തേക്കുള്ള വരവ് തടയാനോ സർക്കാരിനു കഴിയുന്നില്ല.
ജമാഅത്തെ ഇസ്ലാമി കേന്ദ്രതലത്തിൽ ബിജെപിയെ എതിർക്കുന്ന പാർട്ടിയാണ്. അതിനാൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര പാർട്ടിയാണെന്നത് എം.വി. ഗോവിന്ദന്റെ നിലപാടാണ്. ഈ അഭിപ്രായം യുഡിഎഫിനില്ല.
പിഡിപി മർദിതരുടെ പാർട്ടിയാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാടുകൾ മാറ്റിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരുടെ നിലപാടുകൾ വിശദീകരിക്കേണ്ടത് താൻ അല്ലെന്നായിരുന്നു മറുപടി.
വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിൽ യുഡിഎഫിൽ അഭിപ്രായഭിന്നതയില്ല. പി.വി. അൻവറിന്റെ റോഡ് ഷോയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായല്ലോ എന്ന ചോദ്യത്തിന്, നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്നായിരുന്നു മറുപടി. പന്തളം സുധാകരൻ, ജയതിലക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.